Tuesday, November 11, 2008

തൊണ്ടി (കുഞ്ഞിക്കഥ)

രിടത്തൊരിടത്ത് കിട്ടുണ്ണി എന്നൊരാള്‍ താമസിച്ചിരുന്നു. മരമണ്ടനായിരുന്നു കിട്ടുണ്ണി.
ജോലി മോഷണവും.
ഒരു ദിവസം ഒരു വീട്ടില്‍ കയറി കിണ്ടിയും അടിച്ചെടുത്തു വരികയായിരുന്നു, കിട്ടുണ്ണി.
പട്രോളിങ്ങിനിറങ്ങിയ പപ്പുപ്പോലീസ് ഇതു കണ്ടു.
“നില്‍ക്കെടാ അവിടെ!”
പപ്പുപ്പോലിസ് കിട്ടുണ്ണിയെ തടഞ്ഞു.
“ഹും! എടുക്കെടാ, തൊണ്ടി!”
കിണ്ടിയില്‍ നോക്കി പപ്പു പറഞ്ഞു.
“ഹയ്യോ! ഏമാനേ........... എന്റെ കൈയ്യില്‍ തൊണ്ടിയൊന്നുമില്ല.....”
കിട്ടുണ്ണി പറഞ്ഞു.
“ധിം!!!”
പപ്പുപ്പോലീസ് ഒറ്റയിടി.
“കള്ളം പറയുന്നോ? ഞാന്‍ കണ്ടതല്ലേ!! എടുക്കടാ ഇവിടെ!!”
ഇടി കൊണ്ട കിട്ടുണ്ണി കരച്ചിലായി.
“പൊന്നേമാനേ.................... സത്യമായിട്ടും എന്റെ കയ്യില്‍ തൊണ്ടിയൊന്നുമില്ല... ആകെയുള്ളത് ഈ കിണ്ടിയാ........ ദാ, പിടിച്ചോ!”
“ങേ!!!”
പപ്പുപ്പോലീസ് അമ്പരന്നു പോയി.

വൈശാഖ്. എസ് . നായര്‍.
8-ബി.

Monday, November 3, 2008

ചട്ടിയും കുട്ടിയും

പുത്തനൊരു ചട്ടി
അമ്മ തേച്ചുവച്ചു
കുട്ടനൊന്ന് തൊട്ടു
ചട്ടി വീണുപൊട്ടി
അമ്മ വന്ന് കണ്ടു
പെട്ടന്നടി പൊട്ടി
കുട്ടനയ്യോ മോങ്ങി
അമ്മയൊപ്പം തേങ്ങി


ആനന്ദ് ലാല്‍
VI ബി

കറുത്ത പട്ടാളം

വരിവരിയായിട്ടണി ചേരുന്നൊരു കുട്ടിപ്പട്ടാളം
വഴിതെറ്റാതെ വരുന്നതു കാണാനെന്തൊരു ചേലാണ്.
കറുത്ത പട്ടില്‍ പുതച്ചതാണീ പട്ടാളക്കൂ‍ട്ടം
അരിമണിയേന്തി നിരന്നു വരുന്നോരിവരുടെ പേരെന്ത്?

ആനന്ദ് ലാല്‍
6 ബി