Friday, September 19, 2008

കറങ്ങിത്തിരിഞ്ഞ് വരൂ, ഞങ്ങളുടെ സ്കൂളിലേയ്ക്ക്.

ബൂലോകരേ, ഞങ്ങളുടെ സ്കൂളിലേയ്ക്ക് നിങ്ങള്‍ക്കാര്‍ക്കെങ്കിലും വരണമെന്നു തോന്നിയാല്‍ വഴിയറിയാതെ വിഷമിക്കരുതല്ലോ. കോട്ടയം പട്ടണത്തില്‍ നിന്നും എം. സി.റോഡ് വഴി ഏറ്റുമാനൂര്‍ റൂട്ടില്‍ നാലു കി.മീ. യാത്ര ചെയ്താല്‍ കുമാരനല്ലൂര്‍ കവലയില്‍ എത്തിച്ചേരാം. നാഗമ്പടം പാലം കഴിഞ്ഞാല്‍ കുമാരനല്ലൂര്‍ പഞ്ചായത്തായി . വഴിക്ക് , മാതൃഭൂമി , മംഗളം എന്നീ പത്ര സ്ഥാപനങ്ങള്‍ കാണാം. എസ്.എച്ച് മൌണ്ട് ജങ്ഷനില്‍ എത്തി വലത്തോട്ട് പോയാല്‍ പ്രസിദ്ധ സംഗീത വിദ്വാന്മാരായ ജയ-വിജയന്മാരുടെ വീട്ടിലെയ്ക്ക് പോകാം. ശ്രീ വിജയന്‍ നമ്മെ വിട്ടു പോയെങ്കിലും, ശ്രീ ജയന്‍ ഇന്നും ഈ നാടിന്റെ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്നു. മലയാളത്തിന്റെ പ്രിയതാരംശ്രീ. മനോജ് കെ ജയന്‍ (ശ്രീ.ജയന്റെ പുത്രന്‍) ജനിച്ചു വളര്‍ന്ന വീടാണത്. ഇടത്ത്, വിളിപ്പാടകലെ എസ്. എച്ച്.മൌണ്ട്. പള്ളി, സ്കൂളുകള്‍, സെമിനാരി. തൊട്ടടുത്താണ് ഞങ്ങളുടെ എം. എല്‍. എ, ശ്രീ.തോമസ് ചാഴികാടന്റെ വീട്. എം. സി. റോഡിലൂടെ നേരേ പോകുമ്പോള്‍ വഴിയരികില്‍ ഇടതുവശത്ത് മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവന്മാരിലൊരാളായശ്രീ. ജോസ് പ്രകാശിന്റെ കുടുംബവീട് കാണാം . ചലച്ചിത്ര നടന്‍ കൂടിയായ അനുജന്‍ ശ്രീ.പ്രേം പ്രകാശാണ് , ഇപ്പോളീവീട്ടില്‍ താമസം . തൊട്ടടുത്താണ് സെന്റ് : മാര്‍സെലിനാസ് ഗേള്‍സ് ഹൈസ്ക്കൂള്‍ .

അടുത്ത കവലയാണ് ചവിട്ടുവരി . പെരുമ്പായിക്കാട് വില്ലേജ് ഓഫീസ് , ഇലക്ട്രിസിറ്റി ഓഫീസ് എന്നിവ ചവിട്ടുവരിയിലാണ് . ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ വലത്തോട്ട് പോയാല്‍ ചരിത്ര പ്രസിദ്ധമായ സൂര്യകാലടിമനയിലെത്താം . മീനച്ചിലാറിന്റെ തീരത്താണ് സൂര്യകാലടിമന . വിളിപ്പാടകലെ എം.ജി.യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ക്കൂള്‍ ഓഫ് ലീഗല്‍ തോട്ട്.അല്പം കൂടി മുന്നോട്ട് പോയാല്‍ നട്ടാശേരി ഗാന്ധിസ്മാരക സമിതി . ഇതിനടുത്തുള്ള വിദ്യാധിരാജാ ഹൈസ്ക്കൂള്‍ ഞങ്ങളുടെ പഞ്ചായത്തിലെ മറ്റൊരു വിദ്യാലയമാണ് . ഖസാക്കിന്റെ ഇതിഹാസകാരന്‍ ശ്രീ ഒ.വി. വിജയന്‍ തന്റെ അവസാനകാലത്ത് കുറച്ചുനാള്‍ ഭാര്യ ശ്രീമതി. തെരേസയോടൊപ്പം മീനച്ചിലാറിന്റെ തീരത്ത് ഒരു വീട്ടില്‍ താമസിച്ചത് ഈ ഗ്രാമത്തിന്റെ ഭാഗ്യം . ട്രിഫാനി സ്വീറ്റ് ഫാക്ടറിയുടെ സമീപത്ത് കൂടി ആ വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക്, ഒ.വി. വിജയന്‍ റോഡെന്നാണ് പേര് .

നമുക്ക് തിരിച്ച് പോകാം , ഇനിയും മുന്നോട്ട് പോയാല്‍ വിജയപുരം പഞ്ചായത്താണ് . നമ്മള്‍ തിരിച്ച് ചവിട്ട് വരി കവലയില്‍ തന്നെയെത്തി . എം.സി. റോഡിലെ അടുത്ത ജങ്ഷന്‍ കുമാരനല്ലൂരാണ്. പഞ്ചായത്താഫീസ് , പോസ്റ്റാഫീസ് , കമ്യൂണിറ്റി ഹാള്‍ എന്നിവ ഇവിടെ തന്നെ . നമുക്ക് ഇനി ഇടത്തോട്ടാണ് പോവേണ്ടത് . നേരേ പോയാല്‍ നീലിമംഗലം പാലം . ഈ പാലം കടന്ന് , സംക്രാന്തിയും ( ഇന്നും ഇവിടെ പുതുവര്‍ഷത്തില്‍ സംക്രമവാണിഭം നടക്കുന്നു). , ഗാന്ധിനഗറും പിന്നിട്ട് അടിച്ചിറയെത്തിയാല്‍ അതിരമ്പുഴ , ഏറ്റുമാനൂര്‍ പഞ്ചായത്തുകളുടെ പരിധിയിലെത്തും . നമുക്ക് തിരിച്ച് പോരാം . ഇനി ഗാന്ധിനഗറില്‍ നിന്നും വലത്തോട്ട് പോയാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തും . അതിന്റെ ഒരു വശം ആര്‍പ്പൂക്കര പഞ്ചായത്താണ് . ദന്തല്‍ കോളജും തൊട്ടടുത്തുണ്ട് . നമുക്ക് പോകേണ്ടത് കുമാരനല്ലൂര്‍ കവലയിലേക്കാണല്ലോ . ഇനി കവലയില്‍ നിന്നും വലത്തോട്ട് . റെയില്‍ വേ ക്രോസുണ്ട് . അത് കഴിഞ്ഞാല്‍ വഴി രണ്ടായി പിരിയും . ഇടത്തേക്ക് പോയാല്‍ കുടമാളൂര്‍ . പ്രശസ്ത നാദസ്വര വിദ്വാന്‍ ശ്രീ തിരുവിഴാ ജയശങ്കറുടെ വീട് ഇവിടെ അടുത്താണ് . കുടമാളൂര്‍ അയ്മനം പഞ്ചായത്തിലാണ് . അരുന്ധതി റോയിയുടെ അയ്മനം . പ്രശസ്ത കഥകളി ആചാര്യന്‍ കുടമാളൂര്‍ കരുണാകരന്‍ നായരുടെ വീടും ഈ വഴിയിലാണ് . നമ്മളിപ്പോള്‍ അങ്ങോട്ടൊന്നും പോകുന്നില്ല . കുമാരനല്ലൂര്‍ കവലയില്‍ നിന്നും വലത്തേയ്ക്ക് തിരിയുക . ഉടനെ ഇടത് വശത്ത് ഒരു കോണ്‍വെന്റ് കാണാം . പതിറ്റാണ്ടുകളായി കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘സ്നേഹസേന’ എന്ന ചെറിയ മാസിക ഇവിടെ നിന്നാണ് വരുന്നത് . കഷ്ടിച്ച് ഒരു കിലോമീറ്റര്‍ പോയാല്‍ ആലിന്‍ ചുവട്ടിലെത്താം . ഇവിടെയാണ് സര്‍ക്കാര്‍ എല്‍ . പി .സ്ക്കൂളും , ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടും . വലത്തോട്ട് പോയാല്‍ ആറാട്ട് കടവ് . മീനച്ചിലാറാണത്. ഇടത്തോട്ട് നോക്കൂ . നേരേ കാണുന്നത് കുമാരനല്ലൂര്‍ ഭഗവതീ ക്ഷേത്രം .

സാക്ഷാല്‍ മധുരമീനാക്ഷി തന്നെയാണ് കുമാരനല്ലൂര്‍ ഭഗവതിയെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി ‘ഐതീഹ്യമാല’യില്‍ പറയുന്നു . ഒരിക്കല്‍ മധുര മീനാക്ഷിയുടെ വിഗ്രഹത്തിലെ വൈരക്കല്‍ മോതിരം കളവു പോയി . പാണ്ഡ്യരാജാവ് പൂജാരിയെ തെറ്റിദ്ധരിക്കുന്നു . നിസ്സഹായനായ പൂജാരിയോട് ഓടി രക്ഷപ്പെടാന്‍ ദേവി തന്നെ നിര്‍ദ്ദേശിക്കുന്നു . പാവം ബ്രാഹ്മണന്‍ നടന്ന് നടന്ന് ഒരു ക്ഷേത്രത്തിലെത്തുന്നു . പൂജാരിയെ അനുഗമിച്ച ദേവി, ഈ ക്ഷേത്രത്തില്‍ കുടിയേറി . സുബ്രഹ്മണ്യനുവേണ്ടി ചേരമാന്‍ പെരുമാള്‍ നിര്‍മിച്ച ക്ഷേത്രമായിരുന്നു അത് . ഒടുവില്‍ പെരുമാള്‍ ഇവിടെ ദേവീ വിഗ്രഹം പ്രതിഷ്ടിക്കാന്‍ നിര്‍ബന്ധിതനാകുന്നു . കുമാര ( സുബ്രഹ്മണ്യ ) സ്വാമിക്കുവേണ്ടി പണികഴിപ്പിച്ച ക്ഷേത്രത്തിന് അങ്ങനെ കുമാരനല്ലൂര്‍ എന്നു തന്നെ പേരുവന്നു . പൂജാരിയുടെ പിന്തുടര്‍ച്ചക്കാര്‍ മധുരനമ്പൂതിരിമാര്‍ എന്നറിയപ്പെടുന്നു . ഇന്നും തൊട്ടടുത്തുള്ള മധുരമനയിലെ അവകാശികളാണ് ഇവിടെ പൂജ ചെയ്യുന്നത് .

നടയ്ക്ക് നേരെ നിന്ന് ഇടത്തേയ്ക്ക് നോക്കൂ . അതാ !ഞങ്ങളുടെ സ്ക്കൂള്‍ !കുമാരനല്ലൂര്‍ ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ .“ നമസ്ക്കാരം . സ്വാഗതം .സുസ്വാഗതം .”

17 comments:

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

ഞങ്ങളുടെ സ്കൂള്‍ അക്ഷരനഗരിയുടെ തൊട്ടടുത്ത കുമാരനല്ലൂര്‍ പഞ്ചായത്തിലാണ്.അനേകം പ്രഗല്‍ഭരുടെ പാദസ്പര്‍ശമേറ്റ മണ്ണ്. എല്ലാവരെയും പരാമര്‍ശിക്കാനായില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് ആശംസകള്‍. മണ്മറഞ്ഞവരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ശിരസ്സു നമിക്കട്ടെ!

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

അഗ്രി ശ്രദ്ധിച്ചില്ലെന്നു തോന്നി. ആദ്യത്തെ മൂന്ന് കമന്റുകളോടെ പുന:പ്രസിദ്ധീകരിക്കുന്നു.
---------------------------------
എന്റെ കവിതകള്‍ said...

അതാ !ഞങ്ങളുടെ സ്ക്കൂള്‍ !കുമാരനല്ലൂര്‍ ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ .“ നമസ്ക്കാരം . സ്വാഗതം .സുസ്വാഗതം .”
September 19, 2008 12:01 AM
------------------------------------
ശിവ said...

ഒരു നാള്‍ ഞാന്‍ തീര്‍ച്ചയായും അവിടേയ്ക്ക വരുന്നുണ്ട്....
September 19, 2008 7:46 AM
-------------------------------------
ഹരീഷ് തൊടുപുഴ said...

നന്ദി..ആശംസകള്‍
September 19, 2008 8:18 AM

യാരിദ്‌|~|Yarid said...

അഗ്രി ശ്രദ്ധിച്ചിട്ടുണ്ട് , ചിന്തയില്‍ കണ്ടു. എന്നേലും അത് വഴി വരികയാണേല്‍ കയറാന്‍ ശ്രമിക്കാം.....!

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കിടങ്ങൂരെ എന്റെ തറവാട്ടില്‍ വരുമ്പോള്‍ സ്കൂളില്‍ വരാം...
- ബിജോയ്

ഷിജു said...

ഞാന്‍ ഈ വഴി 2 മാസത്തിനുമുന്‍പ് ഒന്നു വന്നതായിരുന്നു ഒരു കല്ല്യ്യാണത്തിന് പങ്കെടുക്കാന്‍ അതു കുടമാളൂര്‍ പള്ളിയിലയിരുന്നു. അന്ന് നമ്മള്‍ തമ്മില്‍ പരിചയവുമില്ലായിരുന്നല്ലോ??? എന്റെ സുഹ്രത്തിന്റെ വീട് കുടമാളൂരാണ് ഇനി അവിടെ വരുമ്പോള്‍ തീര്‍ച്ചയായും കൂട്ടുകാരെ കാണാന്‍ ഞാന്‍ വരും കേട്ടോ.
പിന്നെ കുമാരനല്ലൂര്‍ എന്ന പേര് കിട്ടിയത് ഇങ്ങനെയായിരുന്നുഎന്ന്ത് പുതിയ അറിവാണ് അതിനു നന്ദി.
കൂട്ടുകാരുടെ കവിതയും, കഥകളും ഒക്കെ ഇങ്ങൊട്ട് പോരട്ടെ.ഒരിക്കല്‍കൂടി എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്നേഹത്തോടെ ഷിജു..

smitha adharsh said...

സ്നേഹത്തോടെയുള്ള ഈ വിളി കേള്‍ക്കുമ്പോള്‍ വരണം എന്നുണ്ട്..എന്നെകിലും നടക്കുമോ ആവോ?

Typist | എഴുത്തുകാരി said...

ഇനി ആ വഴി വരുമ്പോള്‍ തീര്‍ച്ചയായും വരാട്ടോ.

The Common Man | പ്രാരബ്ധം said...

സ്കൂളിന്റെ മുന്നില്‍ നിന്നും ഇടത്തോട്ടുള്ള വഴിയേ തിരിഞ്ഞു നേരെ നടന്നാല്‍ അമ്പലത്തിന്റെ തെക്കേനട, പിന്നേം മുന്നോട്ടു നടന്നു കേറ്റം കയറുമ്പോ ഇടതു വശത്ത് സുഷമചേച്ചിയുടെ കട. ഒരു സിപി-അപ്പ്‌ മേടിച്ചോളൂ. വീണ്ടും മുന്നോട്ടു നടന്നാല്‍ മേച്ചാംകുന്നുംപുറം ആയി. സ്കൂളിന്റെ മൈതാനം.

എല്ലാവരും അങ്ങോട്ടു പോരേ. വെട്ടുപന്തു കളിക്കാം.

പിള്ളേച്ചന്‍ said...

എത്രപ്രാവശ്യം അമ്മയുടെ കാർത്തിക വിളക്ക് കൂടാന്
വന്നപ്പോ അവിടെ വന്നിരുന്നിട്ടുണ്ട്
അനൂപ് കോതനല്ലൂര്

കുഞ്ഞന്‍ said...

ഹായ് എത്ര വിശദമായിട്ടാണ് പറഞ്ഞു തന്നിരിക്കുന്നത്..അഭിനന്ദനങ്ങള്‍ ഈ ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും..!

ബൂലോഗത്തിനൊരു മുതല്‍ക്കുട്ടായിരിക്കും ഈ ബ്ലോഗെന്ന് നിസംശയം പറയാം, കാരണം ഗുരുക്കന്മാരും രക്ഷകര്‍ത്താക്കളും കുട്ടികളും എഴുതുമ്പോള്‍ അത് മികച്ചതാവാതെവരാന്‍ വഴിയില്ല. പിന്നെ അവിടത്തെ ഓരൊ മണല്‍ത്തരിക്കു പോലും ഉണ്ടാകും അനവധി കഥകള്‍. അവിടെ പഠിച്ച ഈ ബ്ലോഗ് വായിക്കുന്ന മുന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗൃഹാതുരതയോടെ സ്മരണകള്‍ പുതുക്കാം.

ഈ ബ്ലോഗ് ദേവി വിലാസം സ്കൂളിനെ പ്രശസ്തിയില്‍ നിന്നും കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തട്ടെ അതോടൊപ്പം ബൂലോഗര്‍ക്ക് അറിവും വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യെട്ടെയെന്നും ആഗ്രഹിക്കുന്നു..എല്ലാവിധ ആശംസകളും നേരുന്നു.

കുറ്റ്യാടിക്കാരന്‍|Suhair said...

കാണണമെന്ന് ആഗ്രഹം തോന്നിക്കുന്ന വിവരണം. ഒരിക്കലങ്ങോട്ട് വരാം...

മുസാഫിര്‍ said...

സ്കൂളിന് ഒരു മനസ്സുണ്ടെങ്കില്‍ അത് സന്തോഷിക്കുന്നണ്ടാവും എന്നെ ബൂലോകത്തുള്ളവര്‍ കാ‍ണുന്നുണ്ടല്ലോ എന്ന്.നല്ല വിവരണം.ചിത്രങ്ങള്‍ കുറച്ചു കൂടിയാലും വിരോധമില്ല.:)

GURU - ഗുരു said...

നിങ്ങളുടെ സ്കൂളില് ഏഴാം ക്ളാസ്സിലെ പാഠപുസ്തകത്തെക്കുറിച്ച് എന്താണഭിപ്രായം?

Ratheesh said...

എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
രതീഷ്‌

Prem said...

ഞാന്‍ ദേവി വിലാസത്തിലെ ഒരു പൂര്‍വ വിദ്യാര്‍ദിനി ആണ്... പേര് ശോഭ... ഇപ്പോള്‍ അമേരിക്കയില്‍ ആണ്... ഇവിടെ ഇരുന്നു എന്‍റെ പൂര്‍വ വിദ്യാലയത്തിനെ കുറിച്ച് ബൂലോഗത്തില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.. ബൂലോകത്തിലൂടെ എന്‍റെ പ്രിയപ്പെട്ട വിദ്യാലയത്തെ കൂടുതല്‍ പേര്‍ അറിയട്ടെ.. എല്ലാ അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശംസകളോടെ ------------ ശോഭ പ്രേം

Veena Sujith said...
This comment has been removed by the author.
Veena Sujith said...

"Kumaran alla ooril" ennu devi paranju ennathil ninnanu "Kumaranalloor" enna peru vannathu ennanu thonnunathu......