
അടുത്ത കവലയാണ് ചവിട്ടുവരി . പെരുമ്പായിക്കാട് വില്ലേജ് ഓഫീസ് , ഇലക്ട്രിസിറ്റി ഓഫീസ് എന്നിവ ചവിട്ടുവരിയിലാണ് . ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ വലത്തോട്ട് പോയാല്‍ ചരിത്ര പ്രസിദ്ധമായ സൂര്യകാലടിമന

നമുക്ക് തിരിച്ച് പോകാം , ഇനിയും മുന്നോട്ട് പോയാല്‍ വിജയപുരം പഞ്ചായത്താണ് . നമ്മള്‍ തിരിച്ച് ചവിട്ട് വരി കവലയില്‍ തന്നെയെത്തി . എം.സി. റോഡിലെ അടുത്ത ജങ്ഷന്‍ കുമാരനല്ലൂരാണ്. പഞ്ചായത്താഫീസ് , പോസ്റ്റാഫീസ് , കമ്യൂണിറ്റി ഹാള്‍ എന്നിവ ഇവിടെ തന്നെ . നമുക്ക് ഇനി ഇടത്തോട്ടാണ് പോവേണ്ടത് . നേരേ പോയാല്‍ നീലിമംഗലം പാലം . ഈ പാലം കടന്ന് , സംക്രാന്തിയും ( ഇന്നും ഇവിടെ പുതുവര്‍ഷത്തില്‍ സംക്രമവാണിഭം നടക്കുന്നു). , ഗാന്ധിനഗറും പിന്നിട്ട് അടിച്ചിറയെത്തിയാല്‍ അതിരമ്പുഴ , ഏറ്റുമാനൂര്‍ പഞ്ചായത്തുകളുടെ പരിധിയിലെത്തും . നമുക്ക് തിരിച്ച് പോരാം . ഇനി ഗാന്ധിനഗറില്‍ നിന്നും വലത്തോട്ട് പോയാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തും . അതിന്റെ ഒരു വശം ആര്‍പ്പൂക്കര പഞ്ചായത്താണ് . ദന്തല്‍ കോളജും തൊട്ടടുത്തുണ്ട് . നമുക്ക് പോകേണ്ടത് കുമാരനല്ലൂര്‍ കവലയിലേക്കാണല്ലോ . ഇനി കവലയില്‍ നിന്നും വലത്തോട്ട് . റെയില്‍ വേ ക്രോസുണ്ട് . അത് കഴിഞ്ഞാല്‍ വഴി രണ്ടായി പിരിയും . ഇടത്തേക്ക് പോയാല്‍ കുടമാളൂര്‍ . പ്രശസ്ത നാദസ്വര വിദ്വാന്‍ ശ്രീ തിരുവിഴാ ജയശങ്കറുടെ വീട് ഇവിടെ അടുത്താണ് . കുടമാളൂര്‍ അയ്മനം പഞ്ചായത്തിലാണ് . അരുന്ധതി റോയിയുടെ അയ്മനം . പ്രശസ്ത കഥകളി ആചാര്യന്‍ കുടമാളൂര്‍ കരുണാകരന്‍ നായരുടെ വീടും ഈ വഴിയിലാണ് . നമ്മളിപ്പോള്‍ അങ്ങോട്ടൊന്നും പോകുന്നില്ല . കുമാരനല്ലൂര്‍ കവലയില്‍ നിന്നും വലത്തേയ്ക്ക് തിരിയുക . ഉടനെ ഇടത് വശത്ത് ഒരു കോണ്‍വെന്റ് കാണാം . പതിറ്റാണ്ടുകളായി കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘സ്നേഹസേന’ എന്ന ചെറിയ മാസിക ഇവിടെ നിന്നാണ് വരുന്നത് . കഷ്ടിച്ച് ഒരു കിലോമീറ്റര്‍ പോയാല്‍ ആലിന്‍ ചുവട്ടിലെത്താം . ഇവിടെയാണ് സര്‍ക്കാര്‍ എല്‍ . പി .സ്ക്കൂളും , ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടും . വലത്തോട്ട് പോയാല്‍ ആറാട്ട് കടവ് . മീനച്ചിലാറാണത്. ഇടത്തോട്ട് നോക്കൂ . നേരേ കാണുന്നത് കുമാരനല്ലൂര്‍ ഭഗവതീ ക്ഷേത്രം .

സാക്ഷാല്‍ മധുരമീനാക്ഷി തന്നെയാണ് കുമാരനല്ലൂര്‍ ഭഗവതിയെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി ‘ഐതീഹ്യമാല’യില്‍ പറയുന്നു . ഒരിക്കല്‍ മധുര മീനാക്ഷിയുടെ വിഗ്രഹത്തിലെ വൈരക്കല്‍ മോതിരം കളവു പോയി . പാണ്ഡ്യരാജാവ് പൂജാരിയെ തെറ്റിദ്ധരിക്കുന്നു . നിസ്സഹായനായ പൂജാരിയോട് ഓടി രക്ഷപ്പെടാന്‍ ദേവി തന്നെ നിര്‍ദ്ദേശിക്കുന്നു . പാവം ബ്രാഹ്മണന്‍ നടന്ന് നടന്ന് ഒരു ക്ഷേത്രത്തിലെത്തുന്നു . പൂജാരിയെ അനുഗമിച്ച ദേവി, ഈ ക്ഷേത്രത്തില്‍ കുടിയേറി . സുബ്രഹ്മണ്യനുവേണ്ടി ചേരമാന്‍ പെരുമാള്‍ നിര്‍മിച്ച ക്ഷേത്രമായിരുന്നു അത് . ഒടുവില്‍ പെരുമാള്‍ ഇവിടെ ദേവീ വിഗ്രഹം പ്രതിഷ്ടിക്കാന്‍ നിര്‍ബന്ധിതനാകുന്നു . കുമാര ( സുബ്രഹ്മണ്യ ) സ്വാമിക്കുവേണ്ടി പണികഴിപ്പിച്ച ക്ഷേത്രത്തിന് അങ്ങനെ കുമാരനല്ലൂര്‍ എന്നു തന്നെ പേരുവന്നു . പൂജാരിയുടെ പിന്തുടര്‍ച്ചക്കാര്‍ മധുരനമ്പൂതിരിമാര്‍ എന്നറിയപ്പെടുന്നു . ഇന്നും തൊട്ടടുത്തുള്ള മധുരമനയിലെ അവകാശികളാണ് ഇവിടെ പൂജ ചെയ്യുന്നത് .
നടയ്ക്ക് നേരെ നിന്ന് ഇടത്തേയ്ക്ക് നോക്കൂ . അതാ !ഞങ്ങളുടെ സ്ക്കൂള്‍ !കുമാരനല്ലൂര്‍ ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ .“ നമസ്ക്കാരം . സ്വാഗതം .സുസ്വാഗതം .”